Saturday, December 5, 2009

മനസ്സല്ലേ,.....ഇങ്ങനെയൊക്കെയാണ്

പ്രേമമൊഴികെ
മറ്റൊന്നും തൂങ്ങാത്ത
പോളിത്തീന്‍ കവര്‍ പോലെ
ചെറിയ ചലനങ്ങളില്‍
വലിയ ഒച്ചകള്‍ സൃഷ്ടിക്കും  .
                *
ജനാലച്ചില്ലുകള്‍ പോലെ 
ദുഖത്തിന്റെ രാത്രികളില്‍
ഇരുണ്ടും,
സന്തോഷത്തിന്റെ പകലുകളില്‍
വെളുത്തും
കാണപ്പെടും .
ചിലപ്പോഴടച്ചും
ചിലപ്പോള്‍ തുറന്നും
നിരന്തരം ഉപയോഗിക്കപ്പെടും .
                   *
ചിലപ്പോള്‍,
തിരിഞ്ഞും മറിഞ്ഞും
വീണെന്നിരിക്കും. 
മുറിവിന്റെ-
 ചുവപ്പ് തടസ്സം കാട്ടി
പിന്നെ,
പച്ചയായി ചിരിച്ചെന്നിരിക്കും.
ചിലപ്പോള്‍ തുളുമ്പി-
തെറിച്ചെന്നിരിക്കും
മനസ്സല്ലേ,..
ഇങ്ങനെയൊക്കെയാണ് .
               *

ഇറക്കിവിട്ട കുട്ടികളെ പോലെ-
വരാന്തയില്‍ അലയും .
ചിലപ്പോള്‍
സന്തോഷത്തിന്റെ
കളര്‍ വസ്ത്രവും
ചിലപ്പോള്‍
ദുഖത്തിന്റെയൂണിഫോമും
അണിഞ്ഞു വരും .

Friday, March 6, 2009

മറ


കണ്‌മഷികൊണ്ട്‌ ഞാന്‍ 
കണ്‍ തടങ്ങളിലെ
കറുപ്പിനെ മൂടി.
നിറഞ്ഞ ചിരിയാല്‍
കണ്ണീരിനെ മിനുക്കി.
ചുവന്ന ചായത്താല്‍
കവിളിലെ പാടുകള്‍
മായ്ച്ചു.അങ്ങനെ
പൊങ്ങച്ചങ്ങളെക്കൊണ്ട്‌
ഞാനെന്നെ മറച്ചുപിടിച്ചു.